Monday, December 29, 2025

‘ചര്‍ച്ചകളില്‍ പുരോഗതി, റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിക്കും’: ഡോണള്‍ഡ് ട്രംപ്

ഫ്‌ളോറിഡ: റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫ്‌ലോറിഡയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 20 ഇന സമാധാന പദ്ധതിയിന്മേല്‍ നടന്ന ചര്‍ച്ചകളില്‍ 90 ശതമാനം കാര്യങ്ങളിലും ധാരണയായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെന്‍സ്‌കി അറിയിച്ചു. ഫ്‌ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലായിരുന്നു നിര്‍ണ്ണായകമായ ഈ കൂടിക്കാഴ്ച നടന്നത്.

യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയില്‍ വലിയ പുരോഗതി ഉണ്ടായതായി ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ ഉറപ്പുകളുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും യോജിച്ചു.

ചര്‍ച്ചകള്‍ ക്രിയാത്മകമാണെങ്കിലും ചില സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഇനിയും ധാരണയിലെത്താനുണ്ട്. പ്രത്യേകിച്ച് ഡോണ്‍ബാസ് മേഖലയില്‍ ഒരു ‘സ്വതന്ത്ര വ്യാപാര മേഖല’ (Free Trade Zone) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു.

ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രെയ്ന്‍, യുഎസ് പ്രതിനിധികള്‍ അടുത്തയാഴ്ച വീണ്ടും യോഗം ചേരും. കൂടാതെ, ജനുവരിയില്‍ വാഷിംഗ്ടണില്‍ യുക്രെയ്ന്‍ – യൂറോപ്യന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ട്രംപ് സമ്മതിച്ചിട്ടുണ്ട്.

സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ഏകദേശം രണ്ട് മണിക്കൂര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനും ജാറദ് കുഷ്‌നര്‍ക്കും സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!