Monday, December 29, 2025

തുണി കഴുകി കൊതുകിനെയും തുരത്താം!; കൊതുകിനെ പ്രതിരോധിക്കാന്‍ ഡിറ്റര്‍ജന്റുമായി ഐഐടി ഡല്‍ഹി

ന്യൂഡല്‍ഹി: തുണികള്‍ കഴുകുന്നതിനൊപ്പം കൊതുകുകളെ അകറ്റി നിര്‍ത്താനും സഹായിക്കുന്ന അത്ഭുത ഡിറ്റര്‍ജന്റ് ഐഐടി ഡല്‍ഹി വികസിപ്പിച്ചു. സാധാരണ സോപ്പുപൊടികള്‍ക്കും ലിക്വിഡ് ഡിറ്റര്‍ജന്റുകള്‍ക്കും പകരമായി ഉപയോഗിക്കാവുന്ന ഈ ഉല്‍പ്പന്നം, വസ്ത്രങ്ങളിലൂടെയുള്ള കൊതുകുകടി തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഈ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് വസ്ത്രങ്ങള്‍ കഴുകുമ്പോള്‍, അതിലെ സജീവ ഘടകങ്ങള്‍ തുണികളിലെ നാരുകളുമായി (fibers) ചേരുന്നു. ഇത് കൊതുകുകളുടെ ഗന്ധം തിരിച്ചറിയാനുള്ള ശേഷിയെയും രുചിയെയും ബാധിക്കുന്നതിലൂടെ, വസ്ത്രങ്ങളില്‍ കൊതുകുകള്‍ വന്നിരിക്കുന്നത് തടയുന്നു.

കൊതുകുകളുടെ തുമ്പിക്കൈ (proboscis) സാധാരണ തുണികളിലൂടെ എളുപ്പത്തില്‍ തുളച്ചുകയറാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഈ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകിയ വസ്ത്രങ്ങളില്‍ കൊതുകുകള്‍ വന്നിരിക്കാന്‍ താല്പര്യപ്പെടാത്തതിനാല്‍ കൊതുകുകടിയില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം ലഭിക്കുന്നു. സാധാരണ ക്രീമുകളോ സ്‌പ്രേകളോ കുറച്ചു സമയത്തിന് ശേഷം ഫലപ്രാപ്തി നഷ്ടപ്പെടുമെങ്കിലും, ഈ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഓരോ തവണ തുണി കഴുകുമ്പോഴും കൊതുകിനെ പ്രതിരോധിക്കാനുള്ള ശേഷി പുതുക്കപ്പെടുന്നു.

‘ഹാന്‍ഡ്-ഇന്‍-കേജ്’ (hand-in-cage) എന്ന ശാസ്ത്രീയ രീതിയിലൂടെയാണ് ഇതിന്റെ ഫലപ്രാപ്തി തെളിയിച്ചത്. ഈ പരിശോധനയില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച തുണി ധരിച്ച കൈകളില്‍ കൊതുകുകള്‍ വന്നിരിക്കുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ഐഐടി ഡല്‍ഹിയിലെ ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ജാവേദ് നബിബക്ഷ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ഈ നേട്ടം കൈവരിച്ചത്.

ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ കണ്ടുപിടുത്തം വലിയൊരു ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ഡിറ്റര്‍ജന്റിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിക്കഴിഞ്ഞതായും ഉടന്‍ തന്നെ ഇത് വിപണിയിലെത്തുമെന്നും ഗവേഷകര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!