റെജൈന : സസ്കാച്വാൻ ഫസ്റ്റ് നേഷനിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെടിവെപ്പിൽ ഉൾപ്പെട്ട അപകടകാരികളും ആയുധധാരികളുമായ രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് സസ്കാച്വാൻ ആർസിഎംപി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ബിഗ് ഐലൻഡ് ക്രീ നേഷനിലാണ് സംഭവം. സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഒരാളെ മരിച്ച നിലയിലും മൂന്ന് പേർക്ക് പരുക്കേറ്റതായും കണ്ടെത്തി.

ബിഗ് ഐലൻഡ് ലേക്ക് ക്രീ നേഷനിൽ ഒരു എടിവിയിൽ സഞ്ചരിക്കുന്നതായാണ് പ്രതികളെ അവസാനമായി കണ്ടത്. ബിഗ് ഐലൻഡ് ക്രീ നേഷനിലും പരിസര പ്രദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഗ് ഐലൻഡ് ലേക്ക് ക്രീ നേഷനും പ്രദേശത്തെ ഏഴ് ആരോഗ്യ കേന്ദ്രങ്ങളും അടച്ചതായി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ അറിയിച്ചു. പ്രദേശവാസികൾ സുരക്ഷിതമായ സ്ഥലം കണ്ടെത്തി അഭയം തേടണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
