കൊച്ചി: നടന് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുരത്തെ മുടവന്‍ മുകളിലുള്ള വീട്ടിലെത്തിച്ചത്. ഇന്ന് വൈകുന്നേരം വരെ മുടവന്‍ മുകളിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും. വൈകുന്നേരം നാലുമണിക്ക് വീട്ടില്‍ വച്ച് തന്നെയാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിക്കും.
പത്തുവര്‍ഷം മുമ്പുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ശാന്തകുമാരി അമ്മ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എളമക്കരയിലെ വസതിയില്‍ അമ്മയുടെ ചരമവാര്‍ത്തയറിഞ്ഞ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. രാത്രിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ കുറച്ചുദിവസമായി കൊച്ചിയില്‍ ഉണ്ടായിരുന്നു. വിയോഗസമയത്ത് ഭാര്യ സുചിത്ര അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. വിയോഗ വിവരം അറിഞ്ഞ് മമ്മൂട്ടി, ജയസൂര്യ, രണ്‍ജിപ്പണിക്കര്‍, സംവിധായകരായ ഫാസില്‍, രഞ്ജിത്ത്, ജോഷി തുടങ്ങി സിനിമ മേഖല എളമക്കരയിലെ വീട്ടിലേക്ക് എത്തി.
