ന്യൂഡല്‍ഹി: ആഭ്യന്തര സ്റ്റീല്‍ വിപണിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചൈന, വിയറ്റ്നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം.
നിലവില്‍ വിലകുറഞ്ഞ സ്റ്റീലുകള്‍ക്ക് ഏഴര ശതമാനം കസ്റ്റംസ് തീരുവ നിലവിലുണ്ട്. ഇതിനു പുറമെയാണ് ആഭ്യന്തര വിപണിയിലെ തിരിച്ചടി നേരിടാന്‍ പുതിയ തീരുവ കൂടി സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് എത്തുന്നത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ പ്രാദേശിക സ്റ്റീല്‍ ഉല്‍പ്പാദന മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് ലഭിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നത് വഴി ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വിലയില്‍ സ്ഥിരത ഉറപ്പാക്കാനും സര്‍ക്കാരിന് ലക്ഷ്യമുണ്ട്.
