ടെല്‍ അവീവ്: ഗാസയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയും ഇസ്രയേലും ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഒക്‌ടോബര്‍ പത്തിന് നിലവില്‍ വന്ന ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ അമേരിക്കക്കും ഇസ്രായേലിനും ഇടയില്‍ ധാരണ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം എന്നു മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കുമെന്നതു സംബന്ധിച്ച് തീരുമാനമായില്ല.
ഹമാസിന്റെ നിരായുധീകരണവും ഇറാന്റെ ഭീഷണി ചെറുക്കലുമാണ് മുഖ്യ അജണ്ടയെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിന്റെ നിദേശം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അംഗീകരിച്ചു. ഫ്‌ലോറിഡയില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഇതിനായിരുന്നു പ്രാമുഖ്യം ലഭിച്ചതും. ഉടന്‍ നിരായുധീകരണത്തിന് തയ്യാറാകണമെന്ന് ട്രംപ് ഹമാസിന് താക്കീത് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബോംബിടുമെന്ന് ഇറാനെ ഭീഷണിപ്പെടുത്താനും ട്രംപ് മറന്നില്ല.

നിരായുധീകരിച്ചില്ലെങ്കില്‍ ഹമാസിന് നരകയാതന അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗാസയിലെ ഇടക്കാല സര്‍ക്കാര്‍, അന്താരാഷ്ട്ര സേനാവിന്യാസം, ഇസ്രയേല്‍ സേനയുടെ പിന്‍മാറ്റം, ഗാസയിലേക്ക് കൂടുതല്‍ സഹായം ലഭ്യമാക്കല്‍ എന്നീ കാര്യങ്ങളില്‍ തികഞ്ഞ അവ്യക്തത ബാക്കി നിര്‍ത്തിയാണ് ട്രംപ്- നെതന്യാഹു കൂടിക്കാഴ്ച ഫ്‌ലോറിഡയില്‍ സമാപിച്ചത്.
റഫയില്‍ ഇസ്രായേല്‍ നിയന്ത്രണമുള്ള സ്ഥലത്ത് ഗാസ പുനര്‍നിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ സൈന്യം തന്നെയാകും ഇവിടെ പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ഗാസയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അകറ്റാന്‍ വിസമ്മതിക്കുന്ന ഇസ്രയേല്‍, അന്തര്‍ദേശീയ സന്നദ്ധ സംഘടകള്‍ക്ക് ജനുവരി മുതല്‍ വിലക്ക് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഇതോടെ ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. റഫ അതിര്‍ത്തി തുറന്ന് ഗാസയിലേക്ക് കൂടുതല്‍ സഹായം അടിയന്തരമായി അനുവദിക്കാന്‍ ഇസ്രയേല്‍ തയാറാകണമെന്ന് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം കനഡയും ജപ്പാനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
