പി പി ചെറിയാൻ
ഡെലവെയർ : കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ നേതാവുമായ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 1964-ലെ ഒളിമ്പിക്സിൽ യുഎസ് ജൂഡോ ടീം ക്യാപ്റ്റനായിരുന്നു. പാൻ അമേരിക്കൻ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവുമായിരുന്നു.

മൂന്ന് തവണ യുഎസ് പ്രതിനിധി സഭാംഗമായും 1993 മുതൽ 2005 വരെ രണ്ട് തവണ സെനറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറി. സാമ്പത്തിക കാര്യങ്ങളിൽ യാഥാസ്ഥിതിക നിലപാടും സാമൂഹിക വിഷയങ്ങളിൽ ലിബറൽ നയങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത്. കൊളറാഡോയിലെ ‘ഗ്രേറ്റ് സാൻഡ് ഡ്യൂൺസ്’ സ്മാരകത്തെ ദേശീയ പാർക്കായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
