തിരുവനന്തപുരം: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് നടന്‍ ജയസൂര്യ. മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ നടന്നത് നിയമാനുസൃതമായാണ്. ഏഴാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തനിയ്‌ക്കോ ഭാര്യക്കോ സമന്‍സ് ലഭിച്ചിട്ടില്ലെന്നും ജയസൂര്യ.
രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാല്‍ ഏഴാം തീയതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടില്ല. 24 ന് ഹാജരാകണം എന്ന സമന്‍സ് കിട്ടി, ഞാന്‍ ഹാജരായി.29ന് ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങള്‍ ഹാജരായിരുന്നു.അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമന്‍സ് ഞങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. നമ്മളെ പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് നമുക്ക് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ?, ജയസൂര്യ ചോദിക്കുന്നു.

സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്.
