എഡ്മിന്റൻ : ആൽബർട്ടയിലെ ഗ്രാമീണ ലൈബ്രറികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ഇത്തരം ലൈബ്രറികൾ സംരക്ഷിക്കാനായി ഫണ്ട് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ലൈബ്രറി മാനേജർമാർ രംഗത്തെത്തി. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ലക്ഷക്കണക്കിന് ഡോളർ കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് മൂന്നൂറോളം പേർ താമസിക്കുന്ന എൽനോറ പോലുള്ള ചെറിയ ഗ്രാമങ്ങളിലെ ലൈബ്രറികൾ. പൂപ്പൽബാധ കണ്ടെത്തിയതിനെത്തുടർന്ന് എൽനോറ പബ്ലിക് ലൈബ്രറി നാല് വർഷമായി താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറാൻ ആവശ്യമായ 3.5 ലക്ഷം ഡോളർ കണ്ടെത്താൻ വാർഷിക ഫണ്ടിന് പുറമെ കാർ ഷോകളും ലോട്ടറികളും നടത്തേണ്ട ഗതികേടിലാണെന്ന് ലൈബ്രറി മാനേജർ മിച്ച് മുണ്ടേ പറഞ്ഞു.

പ്രവിശ്യയിലെ ജനസംഖ്യ വർധിച്ചിട്ടും 2016-ന് ശേഷം ലൈബ്രറികൾക്കുള്ള ആളോഹരി ഗ്രാന്റിൽ അഞ്ച് സെന്റിന്റെ വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ലൈബ്രറി അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 2019-ലെ ജനസംഖ്യാ കണക്കനുസരിച്ചാണ് സർക്കാർ ഫണ്ട് നൽകുന്നത്. എന്നാൽ വർധിച്ചുവരുന്ന വൈദ്യുതി ബില്ലുകൾ, ജീവനക്കാരുടെ വേതനം, ഡിജിറ്റൽ പുസ്തകങ്ങളുടെ ഉയർന്ന ചിലവ് എന്നിവ ഗ്രാമീണ ലൈബ്രറികളുടെ ബജറ്റുകളെ താളംതെറ്റിക്കുന്നുണ്ടെന്നും മിച്ച് മുണ്ടേ വ്യക്തമാക്കി. പുസ്തകങ്ങൾക്കപ്പുറം ഇന്റർനെറ്റ് സൗകര്യവും സാമൂഹിക പരിപാടികളും നൽകുന്ന പ്രധാന കേന്ദ്രങ്ങളായ ലൈബ്രറികൾക്ക് അടിയന്തിരമായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആൽബർട്ട മുനിസിപ്പാലിറ്റീസ് പ്രമേയം പാസാക്കി.
