വാഷിങ്ടൻ: യുഎസ് അറസ്റ്റു ചെയ്ത വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലഹരി കടത്തിനാണ് വിചാരണ നേരിടേണ്ടി വരിക.യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധകപ്പലിൽ എത്തിച്ചതെന്നും ട്രംപ് പറഞ്ഞു.

അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനോടാണ് ഈ ആക്രമണത്തെ ട്രംപ് ഉപമിച്ചത്. യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.
