മസ്കത്ത്: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ എംബസി തുറക്കാനുള്ള തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന് ഗില്‍ പിന്റോയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
മസ്കത്തില് വെനിസ്വേലയുടെ നയതന്ത്ര കാര്യാലയം ആരംഭിക്കാനുള്ള പദ്ധതിയെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലെത്തിക്കാന്‍ സഹായിക്കും. വെനിസ്വേലയില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും സുരക്ഷാ സാഹചര്യങ്ങളും മന്ത്രിമാര്‍ വിലയിരുത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

വെനിസ്വേലയിലെ പ്രതിസന്ധികള്‍ക്ക് നയതന്ത്രപരമായ നീക്കങ്ങളിലൂടെയും സമാധാനപരമായ ചര്‍ച്ചകളിലൂടെയും പരിഹാരം കാണണമെന്നാണ് ഒമാന്റെ നിലപാട്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഒമാന്‍ നല്കുന്ന ഉറച്ച പിന്തുണയ്ക്ക് വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി. വെനിസ്വേലന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് രാജ്യത്ത് സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒമാന്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
