കാൻബറ : ഇന്ത്യയുൾപ്പെടെ നാല് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥി വീസയിൽ കർശന നിയന്ത്രണവുമായി ഓസ്‌ട്രേലിയ. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ഓസ്‌ട്രേലിയയുടെ ‘സിംപ്ലിഫൈഡ് സ്റ്റുഡൻ്റ് വീസ ഫ്രെയിംവർക്കിന്’(SSVF) കീഴിൽ പുതുതായി ‘ഹൈ-റിസ്‌ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ജനുവരി എട്ട് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. നേരത്തെ ഇടത്തരം അപകടസാധ്യതയുള്ള ‘എവിഡൻസ് ലെവൽ 2’ വിഭാഗത്തിലായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ എവിഡൻസ് ലെവൽ 3 വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

വിദ്യാർത്ഥി വീസ സംവിധാനത്തിൽ വർധിച്ചുവരുന്ന ക്രമക്കേടുകൾ തടയാനും സുതാര്യത ഉറപ്പാക്കാനുമാണ് ഇത്തരമൊരു നീക്കമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി. വീസ നടപടികളിലെ ദുരുപയോഗം തടയുന്നതിനൊപ്പം, പഠനത്തിനായി എത്തുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച അനുഭവങ്ങളും ഉറപ്പാക്കാൻ ഈ കർശന പരിശോധനകൾ സഹായിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു.

2025-ലെ കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികളിൽ മൂന്നിലൊന്നും ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വീസ നടപടികളിൽ വലിയ തോതിലുള്ള കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പഠനകാര്യത്തിൽ കൃത്യമായ ലക്ഷ്യബോധമുള്ള യഥാർത്ഥ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
