Tuesday, April 7, 2026

വിറ്റാമിൻ ഡി കുറവ് പരിഹരിക്കാൻ നടപടി; പാലിലും മാർജറിനിലും അളവ് വർധിപ്പിക്കാൻ ഹെൽത്ത് കാനഡ

ഓട്ടവ : ജനങ്ങളിൽ കണ്ടുവരുന്ന വിറ്റാമിൻ ഡി കുറവ് പരിഹരിക്കുന്നതിനായി പാൽ ഉൽപ്പന്നങ്ങളിലും മാർജറിനിലും വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാനുള്ള ഹെൽത്ത് കാനഡയുടെ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ. 2025 ഡിസംബർ 31 മുതൽ പശുവിൻ പാൽ, ആട്ടിൻ പാൽ, മാർജറിൻ എന്നിവയിൽ മുൻപുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം വിറ്റാമിൻ ഡി ചേർക്കണമെന്നാണ് ഫെഡറൽ ആരോഗ്യ ഏജൻസിയുടെ പുതിയ ഉത്തരവ്.

രാജ്യത്തെ ഓരോ അഞ്ചുപേരിൽ ഒരാൾക്ക് മതിയായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ‘സൺഷൈൻ വിറ്റാമിൻ’ എന്നറിയപ്പെടുന്ന വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. എന്നാൽ കാനഡയിലെ കഠിനമായ തണുപ്പുകാലത്ത് സൂര്യപ്രകാശം കുറവായതിനാൽ, വർഷത്തിൽ എട്ടു മാസത്തോളം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി സ്വയം നിർമ്മിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ശൈത്യകാലത്ത് ഈ കുറവ് ഇരട്ടിയാകുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഭക്ഷണത്തിലൂടെ കൂടുതൽ വിറ്റാമിൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.

പുതിയ മാനദണ്ഡമനുസരിച്ച് ഒരു കപ്പ് പാലിലെ വിറ്റാമിൻ ഡിയുടെ അളവ് 2.3 മൈക്രോഗ്രാമിൽ നിന്ന് 5 മൈക്രോഗ്രാമായി ഉയരും. മാർജറിനിൽ 50 ഗ്രാം അളവിൽ 13 മൈക്രോഗ്രാം വിറ്റാമിൻ ഡി ഉണ്ടാകും. കാൽസ്യം ആഗിരണം ചെയ്യാനും അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. യോഗർട്ട്, സസ്യാധിഷ്ഠിത പാനീയങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി ചേർക്കാൻ അനുമതിയുണ്ടെങ്കിലും നിലവിൽ അവയ്ക്ക് ഈ നിബന്ധന നിർബന്ധമാക്കിയിട്ടില്ല.

ആരോഗ്യസംരക്ഷണത്തിന് ഭക്ഷണത്തിലൂടെയോ ഗുളികകളിലൂടെയോ വിറ്റാമിൻ ഡി ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ഇത് അമിതമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഒരു മുതിർന്ന വ്യക്തി ദിവസം 100 മൈക്രോഗ്രാമിൽ (4,000 IU) കൂടുതൽ വിറ്റാമിൻ ഡി സ്വീകരിക്കരുതെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അളവ് സുരക്ഷിതമാണെങ്കിലും, ഗുളികകളും മറ്റും സപ്ലിമെന്റുകളായി ഉപയോഗിക്കുന്നവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശം തേടണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!