ടൊറൻ്റോ: ഗാർഹിക പീഡനം, വെടിവയ്പ്പ്, കൊലപാതകങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് ഏഴോളം വ്യാജ അടിയന്തര കോളുകൾ വിളിച്ച 14 വയസ്സുകാരനെതിരെ കേസ്. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെയാണ് സ്വാറ്റിംഗ് എന്നറിയപ്പെടുന്ന വ്യാജ കോളുകൾ നടന്നതെന്ന് ഹാമിൽട്ടൺ പോലീസ് അറിയിച്ചു. ഹാമിൽട്ടണിലെ വിവിധ വീടുകളിൽ കൊലപാതകം, വെടിവെയ്പ്പ്, ഗാർഹിക പീഡനം എന്നിവ നടക്കുന്നുണ്ടെന്നായിരുന്നു സന്ദേശങ്ങൾ. ഇതനുസരിച്ച് പോലീസ് സംഘം ഈ സ്ഥലങ്ങളിൽ എത്തിയെങ്കിലും യഥാർത്ഥ സംഭവങ്ങളല്ലെന്നും ലഭിച്ച സന്ദേശങ്ങൾ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓട്ടവയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ജനുവരി 14-നാണ് പ്രതിയെ പിടികൂടിയത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തയാളായതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരിയിൽ ഇയാളെ കോടതിയിൽ ഹാജരാക്കും. ഇത്തരം വ്യാജ സന്ദേശങ്ങൾ പോലീസിന്റെ വിലപ്പെട്ട സമയം പാഴാക്കുന്നതിനൊപ്പം, യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് പോലീസ് എത്തുന്നതിന് തടസ്സമുണ്ടാക്കുന്നുവെന്നും ഹാമിൽട്ടൺ പോലീസ് വ്യക്തമാക്കി. ഇത് പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
