ഓട്ടവ: രാജ്യത്തെ ദേശീയ ആത്മഹത്യാ പ്രതിരോധ ഹെൽപ്പ്‌ലൈനായ ‘9-8-8’-ന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 12 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ ഗവൺമെന്റ്. കേന്ദ്ര ആരോഗ്യ മന്ത്രി മാർജോറി മിഷേലാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള ഫണ്ട് അനുവദിച്ചതായി അറിയിച്ചത്. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കോ ആത്മഹത്യാ ചിന്തകളുള്ളവർക്കോ ഏത് സമയത്തും വിളിക്കാവുന്നതോ സന്ദേശങ്ങൾ അയക്കാവുന്നതോ ആയ ഒരു സൗജന്യ സേവനമാണിത്. 2023 നവംബറിലാണ് ഈ ഹെൽപ്പ്‌ലൈൻ കാനഡയിൽ പ്രവർത്തനമാരംഭിച്ചത്. സേവനം ആരംഭിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ എട്ടു ലക്ഷത്തിലധികം സന്ദേശങ്ങൾക്കും ഈ ഹെൽപ്പ്‌ലൈൻ വഴി മറുപടി നൽകാൻ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ശരാശരി 90 സെക്കൻഡിനുള്ളിൽ തന്നെ ഓരോ കോളും സ്വീകരിക്കപ്പെടുന്നു എന്നത് ഈ സംവിധാനത്തിന്റെ വിജയമായി വിലയിരുത്തുന്നു.

കാനഡയിൽ പ്രതിവർഷം ശരാശരി 4,500 പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ തടയാൻ 24 മണിക്കൂറും ലഭ്യമായ ഈ സേവനം വലിയ പങ്കുവഹിക്കുന്നുണ്ട്. ടൊറന്റോ ആസ്ഥാനമായുള്ള സെന്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് (CAMH) ആണ് രാജ്യത്തുടനീളമുള്ള മുപ്പതിലധികം പങ്കാളിത്ത സംഘടനകളെ ഏകോപിപ്പിച്ച് ഈ സേവനം നൽകുന്നത്.
