ദുബായ്: ഇറാൻ പ്രക്ഷോഭം തുടരവെ സൈനികനടപടിയിൽ നിന്നും ഡോണൾഡ് ട്രംപിനെ പ്രേരിച്ചത് ഗൾഫ് രാജ്യങ്ങളുടെ ഇടപെടലാണെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം തകരുന്ന ഗുരുതരഫലങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ട്രംപിനെ മയപ്പെടുത്തിയത്. ഇറാനെ ആക്രമിച്ചാൽ ഗൾഫ് മേഖലയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഇത് യുഎസിനും ഗുണകരമാവില്ലെന്ന് സൗദിയും ഖത്തറും ട്രംപിനെ അറിയിക്കുകയായിരുന്നു. അതേ സമയം ഇറാനിലെ സ്ഥിതി ട്രംപ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു. അറസ്റ്റിലായ 800 പേരെ തൂക്കിലേറ്റാനുള്ള തീരുമാനം ഇറാൻ ഭരണകൂടം മരവിപ്പിച്ചുവെന്നു ട്രംപിനു വിവരം ലഭിച്ചെന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞത്.

അതേസമയം, ഇറാനിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റുകൾ തുടരുന്നുവെന്നാണു മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. . ഇന്റർനെറ്റ് വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്. രണ്ടാഴ്ച നീണ്ട പ്രക്ഷോഭത്തിൽ 2677 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (ഹ്രന) പുറത്തുവിട്ട റിപ്പോർട്ട്.
