ന്യൂഡൽഹി: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിമാനത്താവളത്തിൽ ഹാർദമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് മണിക്കൂർ മാത്രം നീണ്ടുനിന്ന ഇന്ത്യാ സന്ദർശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യു.എ.ഇ പ്രസിഡന്റിന്റെ സന്ദർശനം. സഹോദരനെ സ്വാഗതം ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തി എന്ന് എക്‌സിൽ കുറിച്ച പ്രധാനമന്ത്രി അബുദാബി ഭരണാധികാരിയെ സ്വീകരിക്കുന്ന ചിത്രങ്ങളും മോദി എക്സിൽ പങ്കുവച്ചു.

‘‘എന്റെ സഹോദരൻ, യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ പോയി. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് പറയുന്നു. തുടർ ചർച്ചകൾക്കായി കാത്തിരിക്കുന്നു’’ – പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരും ഒരേ കാറിൽ കയറിയാണ് യാത്ര തിരിച്ചത്.
