ഫ്രെഡറിക്ടൺ: ന്യൂബ്രൺസ്‌വിക് പ്രവിശ്യയെ വർഷങ്ങളായി ആശങ്കയിലാഴ്ത്തിയ ദുരൂഹമായ മസ്തിഷ്ക രോഗത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഫെഡറൽ സർക്കാർ ഇന്ന് പുറത്തുവിടും. പ്രവിശ്യയിലെ അക്കാഡിയൻ പെനിൻസുല, മോങ്ക്ടൺ തുടങ്ങിയ പ്രദേശങ്ങളിലായി ഏകദേശം നാനൂറോളം പേർ ഈ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഓർമ്മക്കുറവ്, ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, പേശീവലിവ്, കഠിനമായ വേദന എന്നിവയാണ് ഈ അജ്ഞാത നാഡീരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
2021-ലാണ് ഇത്തരമൊരു രോഗത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവരുന്നത്. എന്നാൽ 2022-ൽ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇങ്ങനെയൊരു പ്രത്യേക രോഗം നിലനിൽക്കുന്നു എന്നതിന് മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ല. പിന്നീട് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ജാമ ന്യൂറോളജി (JAMA Neurology) ജേണലിലെ പഠനങ്ങൾ പ്രകാരം ഇത് ഒരു പ്രത്യേക രോഗമാണെന്നതിന് തെളിവില്ലെന്നും, മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തിയതാകാമെന്നും നിരീക്ഷിച്ചിരുന്നു. എങ്കിലും ബാധിക്കപ്പെട്ടവരുടെ എണ്ണം 400 ആയി ഉയർന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ആശങ്കകൾക്ക് ശാസ്ത്രീയമായ മറുപടി നൽകാൻ പുതിയ റിപ്പോർട്ട് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രീമിയർ സൂസൻ ഹോൾട്ടിന്റെ സർക്കാർ പുറത്തുവിടുന്ന റിപ്പോർട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
