ദുബായ് : ലാ നിനാ പ്രതിഭാസത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അസാധാരണമായ തണുപ്പ് തുടരുന്നു. ചരിത്രത്തിലില്ലാത്ത വിധം താപനില താഴ്ന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ വലിയ തണുപ്പിലൂടെയാണ് കടന്നുപോകുന്നത്. ജബൽ ജെയ്സ് മലനിരകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചാ സാധ്യതയും പരിഗണിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.

അതേസമയം, യൂറോപ്പിന് സമാനമായ ഈ കാലാവസ്ഥ പ്രവാസികൾ ആഘോഷമാക്കുകയാണ്. വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലും വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചായക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഫെബ്രുവരി പകുതിയോടെ താപനിലയിൽ മാറ്റം വരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
