ഹാലിഫാക്സ്: ഹാലിഫാക്സിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആഴ്ചയുടെ തുടക്കം അതീവ ദുഷ്കരമാകുമെന്ന് എൻവയൺമെന്റ് കാനഡ. നിലവിൽ കാലാവസ്ഥാ ഏജൻസി നോവസ്കോഷ മധ്യമേഖലയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച രാവിലെ വരെ ഏകദേശം 25 മുതൽ 30 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിരിക്കും മഞ്ഞുവീഴ്ച ഏറ്റവും ശക്തമാകുകയെന്ന് എൻവയൺമെന്റ് കാനഡ പറയുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

അതേസമയം മഞ്ഞ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ സുഗമമാക്കുന്നതിനായി ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റി രാത്രികാല പാർക്കിങ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ 1 മണി മുതൽ 6 മണി വരെ മുനിസിപ്പൽ സ്ട്രീറ്റുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. മഞ്ഞ് നീക്കം ചെയ്യുന്നതിന് തടസ്സമായി നിൽക്കുന്ന വാഹനങ്ങൾ ഏത് സമയത്തും റീജിനൽ മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം മാറ്റിസ്ഥാപിക്കുമെന്നും പിഴ ഈടാക്കുമെന്നും സിറ്റി അറിയിച്ചു.
