ഓട്ടവ : ബാങ്ക് ഓഫ് കാനഡയുടെ ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷേ, ഈ വർഷം മുഴുവനും ഇതേ അവസ്ഥ തുടർന്നേക്കുമെന്നും പ്രവചനത്തിലുണ്ട്. 2026 ലെ ആദ്യ പലിശ നിരക്ക് ബുധനാഴ്ച സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും. പലിശനിരക്ക് നിലനിർത്താനുള്ള സാധ്യത വെള്ളിയാഴ്ച വരെ ഏകദേശം 89 ശതമാനമാണെന്ന് LSEG ഡാറ്റ & അനലിറ്റിക്സ് സൂചിപ്പിക്കുന്നു. 2025-ന്‍റെ രണ്ടാം പകുതിയിൽ തുടർച്ചയായി രണ്ട് ക്വാർട്ടർ പോയിൻ്റ് വെട്ടിക്കുറവുകൾക്ക് ശേഷം, ബാങ്ക് ഓഫ് കാനഡ ഡിസംബറിൽ പോളിസി നിരക്ക് 2.25 ശതമാനമായി നിലനിർത്തിയിരുന്നു.

പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യത്തിൽ തന്നെ തുടരുമെന്ന് ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിക്കുന്നതായും എന്നാൽ പ്രതീക്ഷകൾ മാറുകയാണെങ്കിൽ, സെൻട്രൽ ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തുമെന്നും ഗവർണർ ടിഫ് മാക്ലെം പറയുന്നു. അതേസമയം 2026 ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് സിഐബിസിയിലെ അടക്കമുള്ള സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. സമ്പദ്‌വ്യവസ്ഥ പുതിയ വായ്പാ നിരക്കുമായി പൊരുത്തപ്പെടുമ്പോൾ പോളിസി നിരക്ക് ഒരു വർഷമോ അതിൽ കൂടുതലോ നിലനിർത്തുന്നത് സാധാരണമാണെന്നും സിഐബിസി സാമ്പത്തിക വിദഗ്ധൻ ആവെറി ഷെൻഫെൽഡ് പറഞ്ഞു.
