Thursday, March 5, 2026

നടന്‍ വിജയ്ക്ക് തിരിച്ചടി; ‘ജനനായകന്‍’ റിലീസിന് അനുമതിയില്ല

ചെന്നൈ: നടന്‍ വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്’ കനത്ത തിരിച്ചടി. ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി.

സെന്‍സര്‍ ബോര്‍ഡിന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് സമയം അനുവദിച്ചില്ലെന്ന ബോര്‍ഡിന്റെ സാങ്കേതിക വാദവും കോടതി അംഗീകരിച്ചു.

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങുന്ന അവസാന ചിത്രമെന്ന നിലയില്‍ ‘ജനനായകന്’ തമിഴകത്ത് വലിയ പ്രസക്തിയുണ്ടായിരുന്നു. റിലീസ് തടഞ്ഞതോടെ ആഗോളതലത്തില്‍ ചിത്രം കാണാന്‍ കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധകര്‍ നിരാശയിലാണ്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റിലീസ് മുടങ്ങിയതോടെ ടിക്കറ്റ് തുക തിരിച്ചുനല്‍കേണ്ടി വരുന്നത് നിര്‍മ്മാതാക്കള്‍ക്ക് 50 കോടിയിലധികം രൂപയുടെ പ്രാഥമിക നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങളെ ഭയപ്പെടുന്നവരാണ് ചിത്രത്തിന് പിന്നിലെന്ന് ആരാധകര്‍ ആരോപിക്കുന്നുണ്ടെങ്കിലും, കോടതിയുടെ ഇടപെടല്‍ നിയമപരമായ കടമ്പയായി നിര്‍മ്മാതാക്കള്‍ക്ക് മുന്നിലുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമോ അതോ നിയമപോരാട്ടം തുടരുമോ എന്നാണ് സിനിമാ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!