വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (ബിസി പിഎൻപി) സ്കിൽസ് ഇമിഗ്രേഷൻ വിഭാഗത്തിനായുള്ള അപേക്ഷാ ഫീസ് വർധിപ്പിച്ചതായി പ്രവിശ്യാ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. 1,475 ഡോളറിൽ നിന്നും 1,750 ഡോളറായാണ് ഫീസ് വർധന നടപ്പിലാക്കിയത്. ജനുവരി 22 മുതൽ പുതിയ ഫീസ് പ്രാബല്യത്തിൽ വന്നതായും ഇമിഗ്രേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തു. ജനുവരി 22-നോ അതിനുശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ പുതിയ ഫീസ് ബാധകമാകൂ. ഈ തീയതിക്ക് മുമ്പ് അപേക്ഷിച്ചവർ പഴയ തുക തന്നെ ഫീസ് അടച്ചാൽ മതിയാകും. അതേസമയം ബ്രിട്ടിഷ് കൊളംബിയ ഓൻ്റർപ്രണർ ഇമിഗ്രേഷൻ സ്ട്രീമുകൾക്കുള്ളതുപോലെ, ബിസി പിഎൻപി സ്കിൽസ് ഇമിഗ്രേഷൻ വിഭാഗത്തിനായുള്ള മറ്റ് ഫീസുകൾക്ക് മാറ്റമില്ല.

സ്കിൽഡ് വർക്കർ സ്ട്രീം, എൻട്രി ലെവൽ, സെമി-സ്കിൽഡ് സ്ട്രീം, ഹെൽത്ത് അതോറിറ്റി സ്ട്രീം തുടങ്ങിയ സ്കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് കീഴിൽ അപേക്ഷ സമർപ്പിക്കുന്നവർ മാത്രമേ പുതിയ ഫീസ് ബാധകമായിരിക്കൂ. സ്കിൽഡ് വർക്കർ, ഹെൽത്ത് അതോറിറ്റി സ്ട്രീമുകൾക്ക് എക്സ്പ്രസ് എൻട്രി ബിസി (ഇഇബിസി) ഓപ്ഷനുകളും ഉണ്ട്. ഈ എക്സ്പ്രസ് എൻട്രി-അലൈൻഡ് സ്ട്രീമുകൾക്ക് കീഴിൽ ഇൻവിറ്റേഷൻ ലഭിച്ച വ്യക്തികൾക്കും ഫീസ് വർധന ബാധകമായിരിക്കും. ബിസി പിഎൻപിയുടെ ഓൺലൈൻ ഉപയോക്തൃ പോർട്ടൽ വഴി പേയ്‌മെൻ്റുകൾ നടത്താം. ബിസി പിഎൻപി ആരംഭിക്കുന്നതിന് മുമ്പ് ഒരു അപേക്ഷ പിൻവലിച്ചാൽ മാത്രമേ ഫീസ് റീഫണ്ട് ചെയ്യാൻ കഴിയൂ (റീവ്യൂ ഫീസിനുള്ള അഭ്യർത്ഥന ഒഴികെ, അവ റീഫണ്ട് ചെയ്യാൻ കഴിയില്ല).
