മുംബൈ: ബാരാമതിയിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വിമാനം പറത്തേണ്ടിയിരുന്നത് മറ്റൊരു പൈലറ്റ്. യാത്രയുടെ അവസാന മണിക്കൂറുകളിലാണ് സുമിത് കപൂറിനെ കമ്പനി ചുമതലയേൽപ്പിച്ചത്. മുംബൈയിൽനിന്നും വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് നഗരത്തിലെ ഗതാഗതത്തിരക്കിൽ കുടുങ്ങിയതോടെയാണ് സുമിത് കപൂർ പൈലറ്റായി നിയോഗിക്കപ്പെട്ടതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടെ വിമാനം ലാൻഡ് ചെയ്തപ്പോൾ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകട കാരണമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം സുമിത് കപൂറിന് 16,000 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ടെന്നും പിഴവുണ്ടാകാനുള്ള സാധ്യത കുറവാണെന്നുമാണ് സുഹൃത്തുക്കൾ വാദിക്കുന്നത്. സുമിത്ത് നേരത്തെ സഹാറ, ജെറ്റ് എയർവേയ്സുകളിൽ കപൂർ പൈലറ്റായി ജോലി ചെയ്തിരുന്നു.

അപകടത്തിനു കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സുമിത് കപൂർ ഹോങ്കോങ്ങിൽ നിന്ന് മടങ്ങിവന്നത്. സുമിതിന്റെ മകനും മരുമകനും പൈലറ്റുമാരാണ്. പ്രാദേശിക തിരഞ്ഞെടുപ്പ് റാലികൾക്കായിട്ടാണ് പവാർ സ്വന്തം നാടായ ബാരാമതിയിലേക്ക് പോയത്. ഡൽഹി ആസ്ഥാനമായ വിമാന കമ്പനിയുടെ ബിസിനസ് ജെറ്റാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. അപകടത്തിൽ സുമിത് കപൂറും സഹപൈലറ്റ് ശാംഭവി പഥകും മരിച്ചു.
