Saturday, January 31, 2026

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി; സാക്ഷിയാക്കാൻ നീക്കം

ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ്‌ ശ്രമം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്.ഐ.ടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിലെ സ്വാഭാവിക നടപടികളുടെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്. കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ എല്ലാ വർഷവും ദർശനത്തിനെത്താറുണ്ടെന്നും പോറ്റിയുമായുള്ള ബന്ധം അങ്ങനെ ഉണ്ടായതെന്നുമാണ്‌ ജയറാം പറഞ്ഞു. മകരവിളക്ക് സമയത്താണ് പോറ്റിയെ പരിചയപ്പെട്ടത്. ശേഷം പോറ്റി പലവട്ടം ചെന്നൈയിലെ വീട്ടിൽ വന്നിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റി വഴിയാണ് ഗോവർധനനെ പരിചയപ്പെട്ടത്. ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കു വച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന്‌ പോറ്റി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൂജ. സ്വർണപ്പാളികൾ എന്തു ചെയ്തുവെന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് ജയറാം പറഞ്ഞതെന്നാണ് വിവരം. ദ്വാരപാലകപാളികൾ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് പൂജ നടത്തിയത്. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണപ്പാളികൾ വെച്ചു നടത്തിയ പൂജയിൽ പങ്കെടുത്തിട്ടുമുണ്ട്. പോറ്റി ക്ഷണിച്ചിട്ടാണ് പോയത്. സ്മാർട്ട് ക്രിയേഷൻസുമായോ സ്‌പോൺസർമാരുമായോ പരിചയമില്ലെന്നാണ്‌ ജയറാം മൊഴി നൽകിയതെന്നാണ്‌ സൂചന. ജയറാമിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് എസ്‌.ഐ.ടി പരിശോധിക്കും. ശേഷമാകും തുടർനടപടികൾ.

സ്മാർട്ട് ക്രിയേഷൻസിൽ പൂജ നടന്ന അതേ ദിവസമാണ് തന്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടൻ നേരത്തെ പറഞ്ഞിരുന്നത്. ഇത് 2019 ജൂൺ മാസത്തിലായിരുന്നു നടന്നത്. സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം ജയറാം സ്ഥിരീകരിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തുപോകാൻ സാധ്യത നിലനിൽക്കുമ്പോഴാണ് എസ്.ഐ.ടി നിർണായക നീക്കങ്ങൾ നടത്തുന്നത്. പോറ്റിയെ അറസ്റ്റ് ചെയ്തു 90 ദിവസം കഴിഞ്ഞെങ്കിലും കുറ്റപത്രം നൽകാത്തതോടെ സ്വാഭാവിക ജാമ്യത്തിനു വഴിയൊരുങ്ങുന്നത്. ദ്വാരപാലകശിൽപ തട്ടിപ്പുകേസിൽ ഒക്ടോബർ 17ന് ആണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളികളിലെ കവർച്ചയുമായി ബന്ധപ്പെട്ടത് പോറ്റിക്കെതിരെയുള്ള രണ്ടാമത്തെ കേസാണ്. നവംബർ 3നാണ് ഈ കേസിൽ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!