കാൽഗറി:വെസ്റ്റേൺ കാനഡയെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസ് നവംബർ മൂന്നിന് ആരംഭിക്കും. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് ആണ് കാൽഗറിയിൽ നിന്ന് അബുദാബിയിലേക്ക് ഈ നോൺ-സ്റ്റോപ്പ് സർവീസ് നടത്തുന്നത്.
ആഴ്ചയിൽ നാല് സർവീസുകൾ വീതം ക്രമീകരിച്ചിരിക്കുന്ന ഈ റൂട്ടിൽ, വെസ്റ്റേൺ കാനഡയിൽ നിന്ന് യുഎഇയിലേക്കുള്ള ഏക നേരിട്ടുള്ള വിമാനബന്ധമാണിതെന്ന് കാൽഗറി എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ സൗകര്യം എന്നതിലുപരി, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യൻ വിപണികളിലേക്കുള്ള ഒരു തന്ത്രപ്രധാനമായ കവാടമായി കാൽഗറിയെ മാറ്റാൻ ഈ നീക്കം സഹായിക്കുമെന്ന് കാൽഗറി എയർപോർട്ട് സിഇഒ ക്രിസ് ഡിൻസ്‌ഡേൽ പറഞ്ഞു.

കാൽഗറിയുടെ ടൂറിസം മേഖലയുടെ വികസനത്തിലും സാമ്പത്തിക വളർച്ചയിലും ഈ സർവീസ് നിർണ്ണായക പങ്കുവഹിക്കുമെന്ന് ടൂറിസം കാൽഗറി വിലയിരുത്തുന്നു. 2035-ഓടെ ടൂറിസം വരുമാനം ഇരട്ടിയാക്കി 600 കോടി ഡോളറിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. അന്താരാഷ്ട്ര ദീർഘദൂര യാത്രക്കാർ പ്രവിശ്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ഉയർന്ന തോതിലുള്ള വിനിമയങ്ങൾ നടത്തുന്നതും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. ബിസിനസ്, വിനോദസഞ്ചാര മേഖലകളിൽ അബുദാബിക്കുള്ള ആഗോള പ്രസക്തി പരിഗണിക്കുമ്പോൾ, യാത്രക്കാർക്കിടയിൽ ഈ പുതിയ റൂട്ടിന് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
