ഓട്ടവ: കാനഡയിലെ ശിശുക്ഷേമ പദ്ധതിയിൽ പ്രതിദിനം 10 ഡോളർ സംവിധാനം (10-a-day child-care system) കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ രംഗത്ത്. ഓട്ടവയിൽ ഫെഡറൽ, പ്രൊവിൻഷ്യൽ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. ഭൂരിഭാഗം പ്രവിശ്യകളിലും ഫീസ് കുറഞ്ഞെങ്കിലും, നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഈ മാർച്ചോടെ 2.5 ലക്ഷം പുതിയ ഇടങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് ഏകദേശം 1.5 ലക്ഷം മാത്രമാണ് ഇതുവരെ പൂർത്തിയായത്.
കുട്ടികളെ പരിചരിക്കുന്ന ജീവനക്കാരുടെ ശമ്പളവർദ്ധനവും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതും പദ്ധതിയുടെ വിജയത്തിന് അത്യാവശ്യമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. മതിയായ ജീവനക്കാരില്ലാത്തത് പുതിയ സെന്ററുകൾ തുടങ്ങുന്നതിനും നിലവിലുള്ളവയുടെ പ്രവർത്തനം സുഗമമായി കൊണ്ടുപോകുന്നതിനും തടസ്സമാകുന്നു. കാത്തിരിപ്പ് പട്ടികയിലെ തിരക്ക് കുറയ്ക്കുന്നതിനും എല്ലാ കുടുംബങ്ങൾക്കും മിതമായ നിരക്കിൽ ശിശുക്ഷേമം ഉറപ്പാക്കുന്നതിനും ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ സംയുക്തമായി ഫണ്ട് വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

കാനഡയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ അമ്മമാർക്ക് ജോലിക്ക് പോകാൻ സാധിക്കുന്ന ഇത്തരം പദ്ധതികൾ അത്യന്താപേക്ഷിതമാണെന്ന് ചൈൽഡ് കെയർ നൗ എക്സിക്യൂട്ടീവ് അധികൃതർ പറഞ്ഞു. എന്നാൽ ഒന്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകൾ കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടു. പ്രതിവർഷം 200 കോടി ഡോളർ അധികമായി ലഭിച്ചാൽ മാത്രമേ ഫീസ് 10 ഡോളറിലേക്ക് എത്തിക്കാൻ കഴിയൂ എന്നാണ് ഒന്റാരിയോയുടെ നിലപാട്. കൂടാതെ, സ്വകാര്യ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കിയാൽ മാത്രമേ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കാൻ കഴിയൂ എന്നും പ്രവിശ്യാ സർക്കാരുകൾ വാദിച്ചു.
