വൻകൂവർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്റർ മേഖലകൾക്കായി പുതിയ വൈദ്യുതി വിതരണ നയം പ്രഖ്യാപിച്ച് ബ്രിട്ടിഷ് കൊളംബിയ. ഈ മേഖലയിലെ പദ്ധതികൾക്ക് വൈദ്യുതി അനുവദിക്കുന്നതിന് ഇനി മുതൽ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടാകുമെന്ന് ഊർജ്ജ മന്ത്രി അഡ്രിയാൻ ഡിക്സ് അറിയിച്ചു. വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യം കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അടുത്ത രണ്ട് വർഷത്തേക്ക് മൊത്തം 400 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഈ പുതിയ പ്രക്രിയയിലൂടെ അനുവദിക്കുക. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതിക്കും കൂടുതൽ ഗുണകരമാകുന്ന പദ്ധതികൾക്ക് മുൻഗണന നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ക്രിപ്‌റ്റോ മൈനിംഗിന് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് പുതിയ നിയന്ത്രണം വരുന്നത്.

2030-ഓടെ പ്രവിശ്യയിലെ വൈദ്യുതി ഉപഭോഗത്തിൽ 15% വർദ്ധനവ് ഉണ്ടാകുമെന്ന് ബിസി ഹൈഡ്രോ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ, വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ പുതിയ രീതി സഹായിക്കുമെന്ന് ബിസി ഹൈഡ്രോ സിഇഒ പറഞ്ഞു. താല്പര്യമുള്ള കമ്പനികൾക്ക് മാർച്ച് 18 വരെ അപേക്ഷിക്കാമെന്നും നിലവിൽ പ്രവർത്തനമാരംഭിച്ച പദ്ധതികൾക്ക് പുതിയ അപേക്ഷാ നടപടികൾ ആവശ്യമില്ലെന്നും സിഇഒ വ്യക്തമാക്കി
