Saturday, January 31, 2026

‘ഹോം എലോൺ’ താരം; എമ്മി പുരസ്‌കാര ജേതാവ്‌ കാതറിൻ ഒഹാര അന്തരിച്ചു

വാഷിങ്ടൺ: എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടിയുമായ കാതറിൻ ഒഹാര (71) അന്തരിച്ചു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലൊസാഞ്ചലസിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് കാതറിൻ. ‘ഹോം എലോൺ’ സിനിമയിലെ അമ്മയുടെ കഥാപാത്രവും ടിവി ഷോയായ ‘ഷിറ്റ്‌സ് ക്രീക്കി’ലെ വേഷവും ഏറെ ശ്രദ്ധ നേടി. 1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവിൽ ടൊറോന്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയത്തിലെ ത്തിയത്‌. ആഫ്റ്റർ ഔവേഴ്‌സ്(1985) ഹാർട്ട്‌ബേൺ(1986) ബീറ്റിൽജ്യൂസ്(1988) ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക് (1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹാസ്യവേഷങ്ങളിലൂടെയും വൈകാരികമായ പ്രകടനങ്ങളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരിയായി അവർ മാറി. ഹാസ്യവേദികളിൽ നിന്ന് അഭിനയരംഗത്തെത്തിയ കാതറിൻ ഒഹാര, ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും പകരം വെക്കാനില്ലാത്ത പ്രതിഭയാണെന്ന് തെളിയിച്ചു.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക്‌ കാതറിൻ സുപരിചിതയായത് ‘ഹോം എലോൺ’ സിനിമയിലെ കെവിന്റെ അമ്മയായ കെയ്റ്റ് മക്കാലിസ്റ്റർ എന്ന വേഷത്തിലൂടെയാണ്. കരിയറിന്റെ രണ്ടാം പകുതിയിൽ ‘ഷിറ്റ്സ് ക്രീക്കി’ലെ മോയ്‌റ റോസ് എന്ന കഥാപാത്രത്തിലൂടെ അവർ വലിയ തിരിച്ചുവരവ് നടത്തി.ഈ വേഷത്തിന് മികച്ച നടിക്കുള്ള എമ്മി പുരസ്കാരവും ഗോൾഡൻ ഗ്ലോബ് അവാർഡും അവരെ തേടിയെത്തി. കാതറിന്റെ നിര്യാണത്തിൽ ഹോളിവുഡ് സിനിമാ ലോകം അനുശോചിച്ചു. ‘ഹോം എലോൺ’ ചിത്രത്തിൽ അവരുടെ മകനായി അഭിനയിച്ച മാക്കൗലി കൾക്കിൻ “അമ്മേ, നമുക്ക് ഇനിയും സമയം ബാക്കിയുണ്ടെന്നാണ് ഞാൻ കരുതിയത്” എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായ ബോ വെൽഷ് ആണ് ഭർത്താവ്. മാത്യു, ലൂക്ക് എന്നിവർ മക്കളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!