വാഷിങ്ടൺ: ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബൻ സർക്കാരിനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനും ഭരണമാറ്റത്തിന് സമ്മർദ്ദം ചെലുത്തുന്നതിനുമായാണ് പുതിയ താരിഫ് സംവിധാനം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. മെക്സിക്കോയെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം വലിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്. താരിഫ് എത്ര ശതമാനമായിരിക്കുമെന്നോ ഏതൊക്കെ രാജ്യങ്ങൾക്ക് ചുമത്തുമെന്നോ നിലവിൽ യു.എസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ക്യൂബൻ ജനതയെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണിതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനേൽ പ്രതികരിച്ചു. വെനസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായി മാറിയ മെക്സിക്കോയെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. യു.എസ് സമ്മർദ്ദ ത്തെത്തുടർന്ന് മെക്സിക്കോ താൽക്കാലികമായി ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകൾ നിർത്തിവെച്ചതായാണ് റിപ്പോർട്ട്. ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും നിലവിലെ ഭരണസംവിധാനത്തിന് കീഴിൽ രക്ഷപെടൽ അസാദ്ധ്യമാണെന്നുമാണ് ട്രംപ് പറയുന്നത്. വെനസ്വേലയിൽ നിന്നുള്ള എണ്ണ വരവ് നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് ക്യൂബ. നിലവിലുള്ള വിതരണം നിറുത്താൻ മെക്സിക്കോ കടുത്ത സമ്മർദ്ദത്തിലുമാണ്. ഇപ്പോൾ തന്നെ ഊർജ്ജ ക്ഷാമം നേരിടുന്ന ക്യൂബയിൽ 20 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമാണുള്ളതെന്ന് കരുതുന്നു. രാജ്യത്തെ ജനങ്ങളെ ശ്വാസംമുട്ടിക്കാനുള്ള ക്രൂരമായ പ്രവൃത്തിയാണ് യു.എസിന്റേതെന്ന് ക്യൂബ ആരോപിച്ചു. ക്യൂബയ്ക്ക് പിന്തുണയുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതോടെ അവരുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബയിലേക്കാകും തങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾ കേന്ദ്രീകരിക്കുകയെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം വെള്ളിയാഴ്ച തിജുവാനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. ട്രംപുമായി വ്യാഴാഴ്ച 40 മിനിറ്റോളം സംസാരിച്ചുവെങ്കിലും ആ സംഭാഷണത്തിൽ ക്യൂബയെക്കുറിച്ച് ഒന്നും സൂചിപ്പിച്ചില്ലെന്ന് ഷെയ്ൻബോം വെളിപ്പെടുത്തി. എണ്ണ വിതരണം തടഞ്ഞാൽ ക്യൂബയിലെ ആശുപത്രികൾ, വൈദ്യുതി നിലയങ്ങൾ, ഭക്ഷ്യവിതരണം എന്നിവ സ്തംഭിക്കുമെന്നും ഇത് വലിയൊരു മാനവിക ദുരന്തത്തിന് കാരണമാകുമെന്നും മെക്സിക്കോ മുന്നറിയിപ്പ് നൽകി. ക്യൂബ റഷ്യയുമായും ഇറാനുമായും പുലർത്തുന്ന ബന്ധം തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. എന്നാൽ, മെക്സിക്കോയും ക്യൂബയും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട സൗഹൃദം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം വ്യാപാരത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മെക്സിക്കോയുടെ പരമാധികാരത്തെ മാനിച്ചുകൊണ്ട് ക്യൂബൻ ജനതയോടുള്ള ഐക്യദാർഢ്യം തുടരുമെന്നും എന്നാൽ മെക്സിക്കോയെ അപകടത്തിലാക്കാനും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കി.
