ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയെ (57) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി സഹോദരൻ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്ന് സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ആദായനികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദമാണ് നേരിട്ടതെന്നാണ് സി.ജെ.ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു. മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നു. എപ്പോഴാണ് വരുന്നതെന്നും തനിക്ക് കാണണമെന്നും റോയ് പറഞ്ഞു. ശനിയാഴ്ച രാവിലെ 7 മണിക്കു കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനടപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തി ലാക്കിയപ്പോഴാണ് ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു ദിവസമായി കോൺഫിഡന്റ് ഓഫിസുകളിൽ റെയ്ഡ് തുടരുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടീസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് മരിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടർന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ. റോയിയുടെ സംസ്കാരം ഞായറാഴ്ച നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡൻറ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അന്ത്യവിശ്രമം ബന്നാർഘട്ടയിൽ വേണമെന്ന് റോയ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചി രുന്നെന്ന് റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡൻറ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം തുടരുകയാണ്. കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡൻറ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി.ജെ. റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.
