ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ വ്യവസായി ഡോ. സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിനിടയിലൂടെയാണ് വെടിയുണ്ട തുളച്ചുകയറിയത്. മൃതദേഹം നാളെ രാവിലെ ബോറിങ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബംഗളൂരുവില്‍ നടക്കും.
മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക സിഐഡി സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ നിന്നുള്ള ഐടി സംഘമാണ് ബംഗളൂരുവിലെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നത്. ഈ ഉദ്യോഗസ്ഥരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. മരണകാരണം ആത്മഹത്യ തന്നെയെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ബാലസ്റ്റിക് ഫോറന്‍സിക് ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

ചോദ്യം ചെയ്യലിനിടെ ഐടി ഉദ്യോഗസ്ഥര്‍ റോയിക്കുമേല്‍ നിരന്തരമായി മാനസിക സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് വെളിപ്പെടുത്തി. മൂന്ന് ദിവസമായി നടന്ന റെയ്ഡിനിടയില്‍ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. ചോദ്യം ചെയ്യലിന്റെ ഇടവേളയില്‍ സ്വന്തം മുറിയിലേക്ക് പോയ അദ്ദേഹം സെക്യൂരിറ്റി ജീവനക്കാരോട് ആരെയും ഉള്ളിലേക്ക് വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് ശേഷമാണ് സ്വയം നിറയൊഴിച്ചത്, എന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി പോലീസ് സംഘം ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു.
സി.ജെ. റോയിയുടെ ഫോണുകള്‍ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മരണത്തിന് മുന്‍പ് അദ്ദേഹം അയച്ച സന്ദേശങ്ങളോ രേഖകളോ ഉണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്. കുടുംബം ദുബായില്‍ നിന്ന് എത്തിയതോടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ കോറമംഗലയിലുള്ള വസതിയില്‍ ആരംഭിച്ചു.
