ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്‌ലു സ്വദേശിയായ 37കാരന്‍ ചന്ദന്‍ കുമാര്‍ ആണ് ടൊറന്റോയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി കാനഡയില്‍ സ്ഥിരതാമസക്കാരനായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ റെക്‌സാഡേല്‍ ബോളിവാര്‍ഡിലെ നാഷണല്‍ ഹൈവേ 27-ന് സമീപമുള്ള ഷോപ്പിംഗ് മാള്‍ പാര്‍ക്കിങിലാണ് സംഭവം നടന്നത്. സ്വന്തം എസ്യുവി കാറില്‍ ഇരിക്കുകയായിരുന്നു ചന്ദനെ അജ്ഞാതരായ അക്രമികള്‍ വെടിവെക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് പത്തോളം വെടിയുണ്ടകള്‍ തുളച്ചുകയറിയതായും ഡ്രൈവര്‍ സീറ്റിന്റെ ഗ്ലാസ് തകര്‍ന്ന നിലയിലാണെന്നും പോലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ചന്ദന്റെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് ടൊറന്റോ പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമികള്‍ ഒരു വാഹനത്തില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ടൊറന്റോ കന്നഡ സംഘത്തിന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, ബ്രാംപ്ടണിലെ ഷിര്‍ദി സായിബാബ ക്ഷേത്ര ഭാരവാഹി തുടങ്ങിയ നിലകളില്‍ ചന്ദന്‍ കുമാര്‍ ടൊറന്റോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, കാനഡയില്‍ പുതിയതായി ഒരു കന്നഡ സംഘടന തുടങ്ങാന്‍ ചന്ദന്‍ മുന്‍കൈ എടുത്തിരുന്നതായും ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ടെന്നും ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. പൊതുസ്ഥലത്ത് നടന്ന ഈ വെടിവെപ്പ് ടൊറന്റോയിലെ പ്രവാസികള്‍ക്കിടയില്‍ വലിയ സുരക്ഷാ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ചന്ദന്റെ അപ്രതീക്ഷിത മരണം ബെംഗളൂരുവിലെ കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. മകന്‍ കാനഡയില്‍ പോയിട്ട് ആറേഴ് വര്‍ഷമായി. തിരികെ വരാന്‍ ഞങ്ങള്‍ ഒരുപാട് തവണ പറഞ്ഞതാണ്, പക്ഷേ അവന്‍ കേട്ടില്ലെന്നാണ് ചന്ദന്റെ അച്ഛന്‍ നന്ദകുമാര്‍ പ്രതികരിച്ചത്. ചന്ദന്‍ കുമാര്‍ ടൊറന്റോയില്‍ ഒരു കന്നഡ സംഘം തുടങ്ങാന്‍ മുന്‍കൈ എടുത്തിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമാണ് ചന്ദന്റെ അമ്മ പ്രകടിപ്പിച്ചത്. മകന്റെ അന്ത്യകര്‍മങ്ങള്‍ ജന്മനാട്ടില്‍ നടത്താനാണ് താല്‍പര്യമെന്നും ഇതിനായി മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ചന്ദന്റെ അച്ഛന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ടൊറന്റോ പോലീസ് ഇന്‍സ്‌പെക്ടര്‍ എറോള്‍ വാട്‌സന്റെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമികള്‍ക്കായി തിരച്ചില്‍
ഊര്‍ജിതമാക്കിയിട്ടുണ്ട്.
