പാലാ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി പാലാ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചു. ജോസ് കെ. മാണിയോട് മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നതിന് മുന്‍പേ മന്ത്രി റോഷി മൈക്ക് വാങ്ങി ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കും എന്ന് ഉറപ്പിച്ചു പറയുകയായിരുന്നു.
മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് സിറ്റിങ്ങ് എം.എല്‍.എ മാണി സി. കാപ്പന് സാധിക്കുന്നില്ലെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. തന്റെ കഴിവുകേട് മറച്ചുവെക്കാനാണ് കാപ്പന് ശ്രമിക്കുന്നതെന്നും, അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ചാഴി എന്ന് പറയുന്ന തരത്തിലുള്ള മറുപടികളെ ഒരു വെല്ലുവിളിയായി കാണുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് ജാഥയില്‍ പങ്കെടുക്കേണ്ട മാണി സി. കാപ്പന് പാലായില്‍ ഇരുന്ന് പരദൂഷണം പറയുകയാണെന്നും വികസന കാര്യങ്ങളിലെ പോരായ്മകള്‍ ഇനിയും ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസന മുരടിപ്പ് സംബന്ധിച്ച വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജോസ് കെ. മാണിയുടെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മാണി സി. കാപ്പനും രംഗത്തെത്തി. താന്‍ കെ.എം. മാണിയോട് മൂന്ന് തവണ തോറ്റപ്പോഴും മണ്ഡലത്തിലെ വികസനത്തിന് തടസ്സം നിന്നിട്ടില്ലെന്നും എന്നാല്‍ ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ. മാണിയാണെന്നും കാപ്പന് ആരോപിച്ചു.
