വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ചെറുവിമാനം തിരക്കേറിയ ഹൈവേയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജോര്‍ജിയയിലെ ഗെയിന്‍സ്വില്ലെയില്‍ തിങ്കളാഴ്ചയായിരുന്നു നടുക്കുന്ന ഈ സംഭവം. ലാന്‍ഡിങിന് പിന്നാലെ വിമാനം റോഡിലുണ്ടായിരുന്ന മൂന്ന് കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടര്‍ന്ന് ഗെയിന്‍സ്വില്ലിലെ റോഡ് മണിക്കൂറുകളോളം അടച്ചിടുകയും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു.
പരിശീലനത്തിനായി ഉപയോഗിക്കുന്ന ‘ഹാക്കര്‍ ബീച്ച്ക്രാഫ്റ്റ് ബിഇ-36’ (Hawker Beechcraft BE-36) ശ്രേണിയില്‍പ്പെട്ട സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലീ ഗില്‍മര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് തിരികെ പറക്കാനുള്ള ശേഷിയില്ലാതായതോടെ പൈലറ്റ് വിമാനം റോഡിലിറക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. വിമാനം താഴ്ന്നു പറക്കുന്നതും വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങുന്നതുമായ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

അപകടത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (NTSB) ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (FAA) സംയുക്തമായി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ മനസ്സാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെങ്കിലും, ജനവാസ മേഖലയിലെ ലാന്‍ഡിംഗ് സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
