വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000 കോടി ഡോളറിന്റെ ബോണ്ടുകൾ പുറത്തിറക്കി ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഏഴ് ഘട്ടങ്ങളിലായാണ് ഈ തുക വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. സാധാരണയായി സ്വന്തം ലാഭവിഹിതം ഉപയോഗിച്ച് പുതിയ നിക്ഷേപങ്ങൾ നടത്തുന്ന ബിഗ് ടെക് കമ്പനികൾ, ഇപ്പോൾ വൻതോതിൽ കടമെടുപ്പിലേക്ക് മാറുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കാനുള്ള ഭീമമായ ചിലവ് കാരണമാണ്.
ഈ വർഷം മാത്രം ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ എന്നീ കമ്പനികൾ ഏകദേശം 63,000 ഡോളറിലധികം തുക ഡാറ്റാ സെന്ററുകൾക്കും എഐ ചിപ്പുകൾക്കുമായി ചിലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ വമ്പൻ നിക്ഷേപങ്ങൾക്കനുസരിച്ചുള്ള ലാഭം ഉടൻ ലഭിക്കില്ലെന്നത് നിക്ഷേപകർക്കിടയിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2029 മുതൽ 2066 വരെ കാലാവധിയുള്ള വിവിധ ഘട്ടങ്ങളിലെ ബോണ്ടുകളാണ് ആൽഫബെറ്റ് ഇപ്പോൾ വിപണിയിലിറക്കിയിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ നൂറു വർഷം കാലാവധിയുള്ള സെഞ്ച്വറി ബോണ്ടുകൾ പുറത്തിറക്കാനും ആൽഫബെറ്റ് പദ്ധതിയുണ്ട്. പൊതുവേ സർക്കാരുകളോ വലിയ യൂട്ടിലിറ്റി കമ്പനികളോ മാത്രം ചെയ്യുന്ന ഈ നീക്കം എഐ മേഖലയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. മുൻപ് Oracle) സമാനമായ രീതിയിൽ 2500 കോടി ഡോളർ സമാഹരിച്ചിരുന്നു. സാങ്കേതിക ലോകം ഇപ്പോൾ എഐ കേന്ദ്രീകൃതമായ ഒരു പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് മാറുന്നതിന്റെ സൂചനയാണിത്.
