Wednesday, February 11, 2026

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 മരണം, അക്രമി കൊല്ലപ്പെട്ടതായി പോലീസ്

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്ത് മരണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും ആക്രമി എന്ന് സംശയിക്കുന്ന വ്യക്തിയും കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20ഓടെയാണ് ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ വെടിവെപ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

സ്‌കൂളില്‍ നടത്തിയ തിരച്ചിലില്‍ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. അക്രമി എന്ന് സംശയിക്കുന്ന വ്യക്തിയെ സ്‌കൂളിനുള്ളില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ മറ്റ് രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്തു.

സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ആര്‍.സി.എം.പി അറിയിച്ചു. സ്‌കൂളിലെ ആക്രമണത്തിന് പിന്നാലെ, ഈ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീട്ടില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തു. മറ്റ് സ്ഥലങ്ങളിലോ വീടുകളിലോ ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് വ്യാപകമായ പരിശോധന നടത്തിവരികയാണ്.

ആക്രമണത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന എമര്‍ജന്‍സി അലര്‍ട്ട് വൈകുന്നേരം 5:45-ഓടെ പിന്‍വലിച്ചു. നിലവില്‍ പൊതുജനങ്ങള്‍ക്ക് മറ്റ് ഭീഷണികളില്ലെന്നും കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സമൂഹത്തെയാകെ ഉലച്ച അതീവ ദുഃഖകരമായ ദിവസമാണിതെന്ന് ബി.സി ആര്‍.സി.എം.പി നോര്‍ത്ത് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്രണ്ട് കെന്‍ ഫ്‌ലോയ്ഡ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!