ദുബായ്: ഇറാന് ആണവ പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഇറാന് അവരുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് സൂചന. ആണവ വിഷയത്തില്‍ മാത്രം ചര്‍ച്ചകള്‍ ഒതുങ്ങുന്നത് ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അതിനാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളും പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന് നെതന്യാഹു ട്രംപിനോട് ആവശ്യപ്പെടും.

അതേസമയം, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആണവ വിഷയത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ഇറാന്റെ ഉറച്ച നിലപാട്. ചര്‍ച്ചകള്‍ മറ്റ് വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ ഇറാന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനി തള്ളി. ഇതുമായി ബന്ധപ്പെട്ട് മസ്കത്തില് ഒമാന്‍ ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഇസ്രായേല്‍ ശ്രമങ്ങളെക്കുറിച്ച് ട്രംപ് ബോധവാനായിരിക്കണമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്.
