ഓട്ടവ : നോർത്തേൺ ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖ രാഷ്ട്രീയ നേതാക്കൾ. ഈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി തന്‍റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.
ഹാലിഫാക്സിലെ പ്രതിരോധ പ്രഖ്യാപനവും ജർമ്മനിയിൽ നടക്കാനിരുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസും റദ്ദാക്കിയ പ്രധാനമന്ത്രി, പ്രവിശ്യാ ഭരണകൂടത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാൻ മുന്നോട്ടുവന്ന രക്ഷാപ്രവർത്തകരുടെ ധീരതയെ അദ്ദേഹം പ്രകീർത്തിച്ചു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദനയിൽ രാജ്യം മുഴുവൻ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും സംഭവത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ടംബ്ലർ റിഡ്ജ് നിവാസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്, ബി.സി. പബ്ലിക് സേഫ്റ്റി മിനിസ്റ്റർ നീന ക്രീഗർ എന്നിവരും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
