കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്ക് വന്‍ തിരിച്ചടി. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ പ്രധാന ആവശ്യം. എന്നാല്‍, കേസ് നിര്‍ണ്ണായക ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മൂന്നാഴ്ചയോളം നീണ്ട വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി താന്‍ ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും തന്റെ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്ത 109.234 ഗ്രാം സ്വര്‍ണ്ണം സ്വമേധയാ കൈമാറിയതാണെന്നും പങ്കജ് ഭണ്ഡാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കുപ്രസിദ്ധമായ ഈ സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ ഭണ്ഡാരിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഡിസംബര്‍ 19-നാണ് ഇദ്ദേഹത്തെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.
അതേസമയം, ശാസ്ത്രീയ പരിശോധനകള്‍ക്കായി സന്നിധാനത്ത് നിന്നുള്ള സാമ്പിള്‍ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ലീഗല്‍ മെട്രോളജിയിലെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും പരിശോധനയില്‍ പങ്കുചേരുന്നുണ്ട്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിമാറ്റി അതിലെ സ്വര്‍ണ്ണത്തിന്റെ അളവും ഗുണനിലവാരവും ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശേഖരിക്കുന്ന ഈ സാമ്പിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (BARC) ഉള്‍പ്പെടെയുള്ള ദേശീയ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയക്കും. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമായിരിക്കും അന്വേഷണ സംഘം അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.
