എഡ്മിന്റൻ : പ്രവിശ്യയിലെ പ്രൈമറി സ്‌കൂളുകളിലെ അക്കാദമിക്, പെരുമാറ്റ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ‘കോംപ്ലക്‌സിറ്റി ടീമുകളെ’ വിന്യസിക്കുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. 476 സ്‌കൂളുകളിലായി നടപ്പിലാക്കുന്ന പദ്ധതിയിൽ, ഓരോ ടീമിലും ഒരു അധ്യാപകനും രണ്ട് എഡ്യൂക്കേഷണൽ അസിസ്റ്റന്റുകളും ഉണ്ടായിരിക്കും. ക്ലാസ് മുറികളിലെ തിരക്ക് കുറയ്ക്കാനും ഇംഗ്ലീഷ് പഠിക്കാൻ ബുദ്ധിമുട്ടുന്നവർക്കും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും കൂടുതൽ സഹായം നൽകാനുമായി 14.3 കോടി ഡോളറാണ് സർക്കാർ അനുവദിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തിൽ തന്നെ കുട്ടികളുടെ പഠന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-6 ക്ലാസ്സുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാനും ക്ലാസ് മുറികളിലെ സാഹചര്യം മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു. എഡ്മിന്റനിൽ 143 ടീമുകളെയും കാൽഗറിയിൽ 171 ടീമുകളെയും നിയമിക്കും. ബാക്കിയുള്ളവ മറ്റ് ഭാഗങ്ങളിലെ സ്‌കൂളുകൾക്ക് നൽകും. അതേസമയം, വർഷങ്ങളായി നിലനിൽക്കുന്ന ഫണ്ടിങ് കുറവ് പരിഹരിക്കാനുള്ള ചെറിയ നീക്കം മാത്രമാണിതെന്ന് ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ പ്രതികരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിലും ഇത്തരം സഹായങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,000 പുതിയ അധ്യാപകരെയും 1,500 അസിസ്റ്റന്റുകളെയും നിയമിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.
