Saturday, February 14, 2026

ആൽബർട്ടയിൽ വൻ കൊക്കെയ്ൻ വേട്ട: മൂന്ന് ട്രക്ക് ഡ്രൈവർമാർ അറസ്റ്റിൽ

എഡ്മിന്‍റൻ : കഴിഞ്ഞ വർഷം അവസാനം ആൽബർട്ടയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ ആയിരം കിലോഗ്രാമിലധികം കൊക്കെയ്‌നും ഹെറോയിനും പിടിച്ചെടുത്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. മയക്കുമരുന്ന് നിറച്ച ട്രക്കുകളുമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ട്രക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായും ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു.

2025 നവംബർ 26-നാണ് ആദ്യ സംഭവം. യുഎസിൽ നിന്നും കാൽഗറിയിലേക്ക് ഇലക്ട്രോലൈറ്റ് പാനീയങ്ങൾ നിറച്ച് എത്തിയ ട്രക്കിൽ നിന്നും 461 കിലോഗ്രാം കൊക്കെയ്‌നും 43 കിലോഗ്രാം ഹെറോയിനും കണ്ടെത്തിയതായി അതിർത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഏകദേശം ഒരു ആഴ്ചയ്ക്ക് ശേഷം, ഡിസംബർ 2 ന് ഒഴിഞ്ഞ ട്രെയിലറിൽ നടന്ന പരിശോധനയിൽ 300 കിലോഗ്രാം കൊക്കെയ്‌നും 400 ഗ്രാം ഓപിയം പോപ്പിസും കണ്ടെത്തി. 16 ദിവസങ്ങൾക്ക് ശേഷം ഡിസംബർ 18-ന് വാക്വം പാർട്‌സുകളുമായി എത്തിയ ഒരു ട്രക്ക് പരിശോധിച്ചതായി സിബിഎസ്എ ഉദ്യോഗസ്ഥർ അറിയിച്ചു. ഡിറ്റക്ടർ നായയുടെ സഹായത്തോടെ നടന്ന പരിശോധനയിൽ ട്രക്കിനുള്ളിൽ നിന്നും 206 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ മൂന്ന് ട്രക്കുകളുടെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി സിബിഎസ്എ പറയുന്നു.

കഴിഞ്ഞ വർഷം ആൽബർട്ടയിലുടനീളം നടന്ന പരിശോധനയിൽ സിബിഎസ്എ ഉദ്യോഗസ്ഥർ 1,054 കിലോഗ്രാം കൊക്കെയ്നും 279 കിലോഗ്രാം മെത്താംഫെറ്റാമൈനും ഉൾപ്പെടെ 1,292 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. ഒപ്പം തോക്കുകൾ, കനേഡിയൻ-യുഎസ് ഡോളർ എന്നിവയും പിടിച്ചെടുത്തതായി ബോർഡർ സർവീസ് ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!