തിരുവനന്തപുരം : സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് വർധിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ മൂന്നാർ, ആലപ്പുഴയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ സൂചിക 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനൽ കടുക്കുന്നതും ശൈത്യകാലം ചുരുങ്ങുന്നതും വരാനിരിക്കുന്ന വലിയ പാരിസ്ഥിതിക പ്രതിസന്ധിയുടെ സൂചനയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സൂര്യതാപം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി ഫെബ്രുവരി 12 മുതൽ മേയ് 20 വരെ സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബൽ കമ്മിഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഈ വിശ്രമവേള ബാധകമാകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നത്.
