തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്, സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി സ്പോൺസർമാരായ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. നാണയങ്ങളായി സ്വർണം നൽകിയ കാര്യം ഇവർ സ്ഥിരീകരിക്കുകയും അതിന്റെ കൃത്യമായ കണക്കുകൾ വിജിലൻസിന് കൈമാറുകയും ചെയ്തു. നടൻമാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഈയാഴ്ച തന്നെ മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. സ്വർണം സംഭാവന നൽകിയ 27 പേരുടെ മൊഴിയെടുക്കാനാണ് വിജിലൻസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന കൊടിമര നിർമാണത്തിലും വാജി വാഹനത്തിന്റെ കൈമാറ്റത്തിലും ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക നിഗമനം. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണ് തന്ത്രിക്ക് വാജി വാഹനം നൽകിയതെന്നും, ശബരിമലയിൽ നിന്ന് കൊണ്ടുപോയ അതേ വാഹനം തന്നെയാണോ തിരികെ എത്തിച്ചതെന്നും പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിക്കുന്നുണ്ട്. കൂടാതെ, കൊടിമര നിർമാണത്തിനായി വൻതോതിൽ പണം പിരിച്ചതായുള്ള പരാതികളിലും വിശദമായ അന്വേഷണം നടന്നു വരികയാണ്.
