വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ആർസിഎംപി അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ മെല്ലാർഡ് അവന്യൂവിലെ വീട്ടിലാണ് വെടിവെപ്പ് നടന്നത്.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസും ബിസി എമർജൻസി ഹെൽത്ത് സർവീസസ് ജീവനക്കാരും വീടിനുള്ളിൽ രണ്ട് പേരെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ ആളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചില്ലിവാക്ക് ആർസിഎംപി നിർദ്ദേശിച്ചു. ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ആരംഭിച്ചു.
