ന്യൂഡൽഹി: രാജ്യത്തെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിലും സോഷ്യൽ മീഡിയ ഇടപെടലുകളിലും വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഓസ്‌ട്രേലിയ അടുത്തിടെ നടപ്പിലാക്കിയ പ്രായപരിധി നിയമത്തിന്റെ മാതൃകയിലാണ് ഇന്ത്യയും സമാനമായ നടപടികളിലേക്ക് നീങ്ങുന്നത്. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട്’ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് മെറ്റ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഗൂഗിൾ, യൂട്യൂബ്, എക്സ് (X) തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളുമായി സർക്കാർ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, സൈബർ സുരക്ഷ ഉറപ്പാക്കുക, ഡീപ്‌ഫേക്കുകൾ വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുക എന്നിവയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി (IT Rules) നിയമത്തിൽ ഭേദഗതി വരുത്തിയായിരിക്കും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരിക. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകൾക്കും ഉള്ളടക്കങ്ങൾക്കും എതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം അവരുടെ പഠനത്തെയും സ്വഭാവത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് 2026-ലെ സാമ്പത്തിക സർവേ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ആക്ട് പ്രകാരം 18 വയസ്സിൽ താഴെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ രക്ഷിതാക്കളുടെ അനുമതി ഇതിനോടകം നിർബന്ധമാക്കി. കേന്ദ്രത്തിന്റെ നീക്കത്തിന് മുന്നോടിയായി ഗോവ, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ട്. ആധാർ അധിഷ്ഠിതമായ പ്രായപരിശോധന വഴി കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാനുള്ള സാങ്കേതിക വിദ്യകളും സർക്കാർ പരിഗണനയിലുണ്ട്.
