ചണ്ഡിഗഡ്: ഭർത്താവിനൊപ്പം വാലന്റൈൻസ് ദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഝജ്ജർ ജില്ലയിൽ സംഭവം നടന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥയായ മെഹക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഏറെക്കാലത്തെ ആസൂത്രണത്തിന് ശേഷമാണ് ഭർത്താവ് അൽഷുൽ ധവാൻ മഹക്കിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പഹ്സോർ ഗ്രാമത്തിന് സമീപം വെച്ച് അൻഷുൽ മെഹക്കിനെ കത്രിക ഉപയോഗിച്ച് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം, വഴിയിൽ വെച്ച് അജ്ഞാതരായ കൊള്ളക്കാർ തങ്ങളെ ആക്രമിച്ചെന്നും കാർ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തിയെന്നും പറഞ്ഞ് അൻഷുൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഈ കള്ളമാണ് പൊലീസ് കൃത്യമായ അന്വേഷണത്തിനൊടുവിൽ പൊളിച്ചത്. ഹരിയാനയിലെ ഝജ്ജർ ജില്ലയിലെ ബഹാദുർഗഡിൽ ഫെബ്രുവരി 15-ന് രാത്രിയാണ് സംഭവം. വാലന്റൈൻസ് ദിനത്തിലെ സായാഹ്നം ഒരുമിച്ച് ചെലവഴിച്ച യുവ ദമ്പതികൾ അത്താഴവും കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെയായിരുന്നു മഹക്കിന്റെ കൊലപാതകം. പിറ്റേന്ന് രാത്രി 11 മണിയോടെ പൊലീസിനെ വിളിച്ച്, അജ്ഞാതരായ അക്രമികൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തെന്നും അറിയിച്ചു. അതേ സമയം പൊലീസ് എത്തിയതോടെ അൻഷുലിന്റെ മൊഴികളിലെ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. അക്രമികളെക്കുറിച്ച് ഇയാൾക്ക് വിവരിക്കാൻ കഴിയാതിരുന്നത് പൊലീസിന്റെ സംശയം വർധിപ്പിച്ചു.

തുടർച്ചയായ ചോദ്യം ചെയ്യലിൽ, ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് സമ്മതിക്കുകയായിരുന്നു. ഗുരുഗ്രാമിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന മഹക്കിന് അൻഷുലിന് സംശയമുണ്ടായിരുന്നുവെന്നും ഇത് അവർക്കിടയിൽ പതിവ് വഴക്കുകൾക്കു കാരണമായെന്നും പൊലീസ് പറഞ്ഞു. ഈ സംശയമാണ് ഒടുവിൽ മഹക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. മഹക്കിനെ ബലമായി ശ്വാസം മുട്ടിക്കുകയും കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാൾ ഗ്ലൗസ് ധരിക്കുകയും ഭാര്യയുടെ സ്വർണാഭരണങ്ങൾ കനാലിൽ എറിയുകയും ചെയ്തിരുന്നു. ഹിസാർ സ്വദേശിയായ അൻഷുലും ഹാൻസി സ്വദേശിനിയായ മഹക്കും കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നാണ് വിവാഹിതരായത്. 2025 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഗുരുഗ്രാമിലായിരുന്നു താമസം. അഞ്ചുമാസം ഗർഭിണിയായ മകളെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് മെഹക്കിന്റെ പിതാവ് കൃഷ്ണ കതൂരിയ ആരോപിച്ചു.
