ഹവാന: അമേരിക്കന്‍ ഉപരോധം കടുപ്പിച്ചതോടെ ക്യൂബയില്‍ ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും അതീവ ഗുരുതരമായി തുടരുന്നു. വെനിസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് വിലക്കേര്‍പ്പെടുത്തിയതാണ് നിലവിലെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇന്ധനലഭ്യത നിലച്ചതോടെ രാജ്യം സ്തംഭനാവസ്ഥയിലായെന്നും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മാനുഷിക ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും പ്രതിസന്ധി സാരമായി ബാധിച്ചു. ഇന്ധനമില്ലാത്തതിനാല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഒ.പി സേവനങ്ങളും പലയിടങ്ങളിലും നിര്‍ത്തിവച്ചു. ജീവന്‍രക്ഷാ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിതരണവും അവതാളത്തിലായി. ഇന്ധനക്ഷാമം വൈദ്യുതി ഉത്പാദനത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിദിനം 20 മണിക്കൂര്‍ വരെ നീളുന്ന പവര്‍കട്ടാണ് അനുഭവപ്പെടുന്നത്.

ഗതാഗത മേഖലയും വിമാന സര്‍വീസുകളും പൂര്‍ണ്ണമായും തകര്‍ന്നു. ജെറ്റ് ഇന്ധനത്തിന്റെ കുറവ് മൂലം റഷ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഇത് ക്യൂബയുടെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസം മേഖലയെ തകര്‍ത്തു. മാലിന്യ നീക്കം ഉള്‍പ്പെടെയുള്ള നഗരസഭാ സേവനങ്ങളും നിലച്ചു. ഇതോടെ പല കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയിരിക്കുകയാണ്.
വെനിസ്വേലയില്‍ അടുത്തിടെയുണ്ടായ സൈനിക നീക്കങ്ങള്‍ക്കും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും പിന്നാലെയാണ് ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകള്‍ തടയാന്‍ അമേരിക്ക തീരുമാനിച്ചത്. 2026 ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ഒപ്പിട്ട പുതിയ ഉത്തരവ് പ്രകാരം ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന മൂന്നാം രാജ്യങ്ങള്‍ക്കും കപ്പല്‍ കമ്പനികള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ക്യൂബന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും ഉപരോധം മൂലം വിദേശ രാജ്യങ്ങള്‍ സഹായത്തിനെത്താന്‍ മടിക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.
