Thursday, February 19, 2026

എപ്സ്റ്റീന്‍ ഫയല്‍ വിവാദം: എ ഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആഗോള ‘എ ഐ ഇംപാക്ട് ഉച്ചകോടി’യില്‍ നിന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പിന്മാറി. ഗേറ്റ്‌സ് പങ്കെടുക്കില്ലെന്ന് സംഘാടകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കന്‍ ധനകാര്യ വിദഗ്ധനായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ അന്താരാഷ്ട്ര തലത്തില്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഗേറ്റ്‌സിന്റെ ഈ പിന്‍വാങ്ങല്‍. ബില്‍ ഗേറ്റ്‌സിന് പകരം ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ റീജിയണല്‍ പ്രസിഡന്റ് അങ്കൂര്‍ വോറ ഉച്ചകോടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചകോടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് എന്നിവരടക്കം നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള സി.ഇ.ഒമാരും ഗവേഷകരും ഭരണത്തലവന്മാരും അഞ്ച് ദിവസം നീളുന്ന ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ‘സര്‍വ്വജന ഹിതായ, സര്‍വ്വജന സുഖായ’ (എല്ലാവര്‍ക്കും ക്ഷേമം, എല്ലാവര്‍ക്കും സന്തോഷം) എന്ന പ്രമേയത്തിലാണ് ഇന്ത്യ ഈ ആഗോള എ ഐ ഉച്ചകോടിക്ക് വേദിയൊരുക്കുന്നത്.

അതേസമയം, ഉച്ചകോടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദിയാകേണ്ട ഉച്ചകോടിയെ ബിജെപി സര്‍ക്കാര്‍ ഒരു ‘ചൈനീസ് ചന്ത’യായി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ഉച്ചകോടിയിലെ പ്രദര്‍ശനത്തില്‍ ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും, ഇന്ത്യന്‍ ഡാറ്റകള്‍ വിദേശികള്‍ക്ക് വില്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗാല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റാളില്‍ ചൈനീസ് നിര്‍മ്മിത ‘റോബോ ഡോഗിനെ’ പ്രദര്‍ശിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ലോകത്തെ നൂറിലധികം സി.ഇ.ഒമാരും രണ്ടര ലക്ഷത്തോളം സന്ദര്‍ശകരും പങ്കെടുക്കുന്ന ഈ ഉച്ചകോടി ഗ്ലോബല്‍ സൗത്തില്‍ (Global South) നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വലിയ എ ഐ സമ്മേളനമാണ്. എ ഐ സാങ്കേതികവിദ്യ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയിലെ പ്രധാന അജണ്ട.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!