Thursday, February 19, 2026

`ഭാര്യയെ ഇഷ്ടം പോലെ തല്ലാം, എല്ലൊടിഞ്ഞാല്‍ ശിക്ഷ’; ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാന്‍ ഭരണകൂടം പുതിയ ഉത്തരവ് പുറത്തിറക്കി. ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാന്‍ അനുവാദം നല്‍കുന്നതാണ് ഈ വിവാദ നിയമം. എല്ലുകള്‍ ഒടിയുകയോ തുറന്ന മുറിവുകളുണ്ടാകുകയോ ചെയ്യാത്ത വിധത്തിലുള്ള മര്‍ദ്ദനത്തിന് നിയമസാധുതയുണ്ടാകുമെന്ന് താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട 90 പേജുള്ള പുതിയ പീനല്‍ കോഡില്‍ വ്യക്തമാക്കുന്നു. അടിമത്തത്തെ നിയമവിധേയമാക്കുന്ന വ്യവസ്ഥകളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം, മര്‍ദ്ദനത്തില്‍ ഭാര്യക്ക് ഒടിവുകളോ മുറിവുകളോ ഉണ്ടായാല്‍പ്പോലും പ്രതിയായ പുരുഷന് വെറും 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ് നല്‍കുക. പീഡനം കോടതിയില്‍ തെളിയിക്കണമെങ്കില്‍ സ്ത്രീകള്‍ കടുത്ത നിബന്ധനകള്‍ പാലിക്കണം. വിചാരണ വേളയില്‍ ജഡ്ജിക്ക് മുന്നില്‍ മുറിവുകള്‍ കാണിക്കുമ്പോള്‍ തന്നെ ശരീരം പൂര്‍ണ്ണമായും മൂടിയിരിക്കണം. കൂടാതെ, ഭര്‍ത്താവോ മറ്റൊരു പുരുഷ രക്ഷാധികാരിയോ ഇല്ലാതെ സ്ത്രീകള്‍ക്ക് കോടതിയില്‍ പ്രവേശിക്കാനാവില്ലെന്നതും നീതി ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

മനുഷ്യാവകാശങ്ങളെയും സാമൂഹിക നീതിയെയും അട്ടിമറിക്കുന്ന വിധത്തില്‍ അഫ്ഗാന്‍ സമൂഹത്തെ നാലായി തരംതിരിക്കാനും പുതിയ നിയമം നിര്‍ദ്ദേശിക്കുന്നു. മതപണ്ഡിതര്‍ (ഉലമ), വരേണ്യവര്‍ഗം (അഷ്റഫ്), മധ്യവര്‍ഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് ഈ വിഭജനം. ഒരു കുറ്റകൃത്യത്തിന് നല്‍കുന്ന ശിക്ഷ അതിന്റെ തീവ്രതയല്ല, മറിച്ച് കുറ്റവാളിയുടെ സാമൂഹിക പദവി അനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്. ഇത് വരേണ്യവര്‍ഗത്തിന് നിയമപരിരക്ഷ നല്‍കുന്നതാണെന്ന ആക്ഷേപം ശക്തമാണ്.

2009-ല്‍ മുന്‍ ഭരണകൂടം കൊണ്ടുവന്ന ‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കല്‍ നിയമം’ (EVAW) അസാധുവാക്കിക്കൊണ്ടാണ് താലിബാന്റെ ഈ കിരാത നിയമം നിലവില്‍ വന്നത്. പുതിയ നിയമത്തെക്കുറിച്ച് സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ പോലും കുറ്റകരമാക്കിയിരിക്കുകയാണ്. താലിബാന്റെ ഈ നടപടിക്കെതിരെ അഫ്ഗാന്‍ മനുഷ്യാവകാശ സംഘടനയായ ‘റവാദാരി’ രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഈ പീനല്‍ കോഡ് നടപ്പിലാക്കുന്നത് തടയാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടണമെന്നും അവര്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!